
ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഒരുക്കുന്ന ക്ലാസിക് നാടകോത്സവത്തിന് തുടക്കമായി. ഷാർജ അൽ ഖസ്ബയിലാണ് 8 മാസത്തിലേറെ നീളുന്ന നാടകപരമ്പരയ്ക്ക് തിരശ്ശീല ഉയർന്നത്. കുട്ടികളുടെ പ്രിയപ്പെട്ട കഥകൾ ജീവസുറ്റ കഥാപാത്രങ്ങളായി വേദിയിലെത്തും. ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ സിൻഡ്രല, ട്രഷർ ഐലൻഡ്, പിനോക്കിയോ, എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡേയ്‌സ്, സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്‌സ് എന്നിവയാണുള്ളത്. യുകെയിൽ നാടകരംഗത്ത് പ്രമുഖരായ എച്ച്2 പ്രൊഡക്‌ഷൻസാണ് നാടകം അവതരിപ്പിക്കുന്നത്. വൈകിട്ട് 3നും 6നുമായി രണ്ട് പ്രദർശനങ്ങളുണ്ടാകും. ടിക്കറ്റ് നിരക്ക് 45 ദിർഹം. പശ്ചാത്തലത്തിലെ എൽഇഡി സ്ക്രീനിലാണ് നാടകത്തിന്റെ സെറ്റ് മാറി മറിയുന്നത്. കഥാപാത്രങ്ങൾ നേരിട്ടു വേദിയിൽ എത്തും. ഇതിനു പുറമെ ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അൽ ഖസ്ബയിലെ വേദിയിൽ നാടകം പുരോഗമിക്കുന്നത്.